Search
  • Jince Baby

ഓറോവില്ല: "സിറ്റി ഓഫ് ഡോൺ"- യൂണിവേഴ്സൽ സിറ്റി എന്ന സ്വപ്നം

Updated: Dec 19, 2020

"ഭൂമിയിൽ എവിടെയെങ്കിലും ഒരു ഇടമുണ്ടായിരിക്കണം, ഒരു രാഷ്ട്രത്തിനു പോലും അത് എന്റേതെന്നു അവകാശപ്പെടാനില്ലാത്തൊരിടം. അവിടെ ഓരോ മനുഷ്യനും ഈ ലോകത്തിന്റെ മാത്രം പൗരനായി സ്വതന്ത്രമായി ജീവിക്കാനും, പരമമായ സത്യത്ത്തിന്റെ ഒരേയൊരു അധികാരത്തിനു മാത്രം അനുസരിച്ചു ജീവിക്കാനും കഴിയണം. സമാധാനവും സന്തുലിതാവസ്ഥയും ചേരുന്നൊരിടം, അവിടെ മനുഷ്യന്റെ തീവ്രമായ യുദ്ധക്കൊതിയും പോരാട്ട ഊർജവും എല്ലാ അവന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മറികടക്കാനായി മാത്രം ഉപയോഗപ്പെടുത്തണം." ഓറോവില്ലയുടെ സ്ഥാപകയായ, അന്തരിച്ച ഫ്രഞ്ചു വംശജയായ മിർറ അൽഫാസയുടെ ഈ വാക്കുകളാണ്, അവരുടെ ശബ്ദമാണ് ഒരു വീഡിയോ ഡോക്യൂമെന്റി യിലൂടെ ഓറോവില്ല യുടെ 'വിസിറ്റർസ് സെന്ററി'ലേക്കു നമ്മെ സ്വാഗതം ചെയ്യുന്നത്. പലർക്കും ഇതു ഒരു പുതിയ ഉട്ടോപ്യമായി തോന്നാമെങ്കിലും ഓറോവില്ലയുടെ ചരിത്രം ദശാബ്ദങ്ങൾക്കുമുമ്പ് തുടങ്ങി.പോണ്ടിച്ചേരിക്കടുത്തു തൊട്ടടുത്ത് 'വില്ലുപുരം' എന്ന ജില്ല. അവിടെ 4000 ഏക്കർ വരുന്ന വിശാലമായ ഭൂമി, തെക്കൻ-കിഴക്കൻ ഇന്ത്യയിലെ തരിശ് ചെമ്മണ്ണിൽ നിന്ന് ഉയർന്നു വന്ന ചിതറിക്കിടക്കുന്ന ഒരു 'ടൗൺഷിപ്പ്' അല്ലെങ്കിൽ ഒരു ' പ്ലാൻഡ് സിറ്റി' അങ്ങനെ വിളിക്കാം ഓറോവില്ലയെ. "സിറ്റി ഓഫ് ഡോൺ" "പ്രഭാതത്തിന്റെ നഗരം" അതാണ് ഓറോവില്ല എന്ന വാക്കിനർത്ഥം. മാനുഷിക ഐക്യത്തിനായുള്ള ഒരു പരീക്ഷണത്തിനായി സമർപ്പിക്കപ്പെട്ട ഓറോവില്ലിന്റെ ആശയം 1930 ൽ ആയിരുന്നു ഉരുത്തിരിഞ്ഞത്. 1960-കളുടെ മദ്ധ്യത്തിൽ ഈ ആശയം വികസിപ്പിക്കുകയും, അങ്ങനെ ലോകമെമ്പാടുമുള്ള 50,000 ആളുകൾ വിവിധ കാലഘട്ടങ്ങളിലായി നിർമിച്ചിട്ടുള്ള ഒരു സാർവത്രിക ടൗൺഷിപ്പാണ് ഓറോവിൽ.


മൂന്നു ദിവസം ഓറോവില്ലയിൽ ചെലവഴിക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കോളേജ് കാലത്തു തുടങ്ങിയ ആഗ്രഹമാണ് ഓറോവില്ലയെ അടുത്തറിയുക എന്നത്. യാത്ര പ്ലാൻ ചെയ്തപ്പോൾ മുതൽ ദിവസങ്ങൾ എണ്ണി ഇരിക്കുകയായിരുന്നു. ബുധനാഴ്ച്ച രാത്രി വളരെ വൈകി ഓഫീസ്‌ ജോലികളെല്ലാം തീർത്തു, ഒരു ഔട്ട്- ഓഫ്- ഓഫീസ് 'വെക്കേഷന് ഇ-മെയിൽ' ഓട്ടോ മെയിലിൽ സെറ്റ് ചെയ്തു ഒരു ഉബർ ടാക്സി പിടിച്ചു നേരെ വീട്ടിൽ എത്തി. രാത്രി 11 മണി. ബാഗ് ഒക്കെ റെഡി ആക്കി വെച്ചു യാത്രക്കുള്ളതെല്ലാം ഒരുക്കി വെച്ചു. അവിടെ കലാകേന്ദ്രയിൽ കാണിക്കാനായി കുറച്ചു പൈന്റിങ്‌സും വണ്ടിയിൽ എടുത്തു വെച്ചു. അവിടെ നിരവധി ആർട്ട് എക്സിബിഷൻ സെന്ററുകൾ ഉണ്ട്. അവിടുത്തെ ചില ആർട്ടിസ്റ്റുകളെ നേരത്തെ ഇ-മെയിൽ വഴി പരിചയപ്പെട്ടിരുന്നു. യാത്രയും, ചിത്രരചനയും എന്നും എന്‍റെ ഹൃദയത്തോടു ചേര്‍ത്തുവച്ച ആനന്ദങ്ങള്‍ ആയിരുന്നു. ചെറുതായി ഒന്നു മയങ്ങി ക്ഷീണം തീർത്തു വെളുപ്പിന് മൂന്നു മണിക്കു കാറിൽ ഞാനും പ്രിയതമയും പുറപ്പെട്ടു. തൃപ്പൂണിത്തുറ - തൃശൂർ - വടക്കാഞ്ചേരി- പട്ടാമ്പി- പാലക്കാട്- കോയമ്പത്തൂർ- കുമരപാളയം- സേലം- സെൻഗുരിച്ചി വഴി പോണ്ടിച്ചേരിക്കടുത്തു വില്ലുപുരം എന്ന ജില്ലയിൽ എത്തി. സമയം ഉച്ചയ്ക്ക് 2.30. ഏകദേശം പതിനൊന്നു മണിക്കൂർ ഡ്രൈവ്. നാഷണൽ ഹൈവേയിലൂടെ നല്ല റോഡുകൾ യാത്ര എളുപ്പമാക്കി. ഗൂഗിൾ മാപ് നല്ല ഒരു സഹായമായി. ഓരോവില്ലെ അടുക്കുന്തോറും ഹൃദയമിടിപ്പ് കൂടി. എത്ര നാളായി ആഗ്രഹിച്ചു ഇവിടെ വരാൻ. കാഴ്ചകൾ ഒന്നും നഷ്ടപ്പെടാതെ മനസ്സും കണ്ണും തുറന്നു തന്നെ ഇരുന്നു.

മെയിൻ റോഡിൽ നിന്നു ഓറോവില്ലയിലേക്കു അടുക്കുമ്പോഴേ പൂക്കളും മരങ്ങളും നിറഞ്ഞ വ്യെത്യസ്തമായ പ്രകൃതി നമ്മെ സ്വാഗതം ചെയ്യും. അസംഖ്യം ബോഗൺവില്ലകളാലും, പന മരങ്ങളാലും, കാറ്റാടി മരങ്ങളാലും അതിരിട്ടു നിൽക്കുന്ന ചെറിയ ചെമ്മൺ പാത. കാർ പതുക്കെ ഡ്രൈവ് ചെയ്തു. ഉഷ്ണമേഖലാ കാലാവസ്ഥയിൽ കാണപ്പെടുന്ന ഒരു തരം ആൽമരം, മേലത്തെ ശാഖകളിൽനിന്ന് ഇറങ്ങി വരുന്ന അവയുടെ വിശാലമായ വേരുകളും, ചുവ