നനുത്ത കായൽ കാറ്റും, വിശാലമായ ആകാശവും, ഇളകിമറിയുന്ന കായൽപ്പരപ്പും, മനോഹരങ്ങളായ നടപ്പാതകളും, അതിനെ അതിരിട്ട വാകപ്പൂമരങ്ങളും, നിറയെ പൂത്തു നിൽക്കുന്ന ബോഗെൻവില്ലകളും. ഒന്നുമില്ലായ്മയിൽ നിന്ന് റോബർട്ട് ബ്രിസ്റ്റോ എന്ന സായിപ്പു തന്റെ സങ്കല്പത്തിന്റെ കാൻവാസിൽ വരച്ചെടുത്ത ഒരു സുന്ദരൻ ദ്വീപ് - വില്ലിങ്ടൺ ഐലൻഡ്. കൊച്ചി അതിവേഗം കറങ്ങുന്ന ഒരു ചക്രം ആണെങ്കിൽ ആ ചക്രത്തിന്റെ ശാന്തമായ ഹൃദയഭാഗമാണ് വില്ലിങ്ടൺ ഐലൻഡ്. കഴിഞ്ഞ നാല് വര്ഷങ്ങളായി പ്രഭാതത്തിലെ തണുത്ത കാലാവസ്ഥയിൽ സൈക്കിൾ സവാരി തന്നിട്ടുള്ളത് സുന്ദരമായ ഓർമകളാണ്. സ്വയം അറിഞ്ഞും ആസ്വദിച്ചും ഒറ്റയ്ക്കും കൂട്ടായും നടത്തിയ നിരവധി യാത്രകൾ, കാഴ്ചകൾ, അനുഭവങ്ങൾ. ഗ്രാമങ്ങളിലൂടെയും, കുന്നുകളികൂടെയും, കടൽ തീരങ്ങളിലൂടെയും കൊച്ചിയിലെ അറിയാത്ത വഴികളിലൂടെ ഒക്കെ സൈക്കിൾ ചവിട്ടി. സഞ്ചാര സ്വപ്നങ്ങളിൽ സൈക്കിൾ സഹയാത്രികനായി കടന്നു വന്നതോടെ ജാലകങ്ങൾ ഇല്ലാത്ത കാഴ്ചകളുടെ ഒരു തുറന്ന ആകാശം പ്രകൃതി സമ്മാനിച്ചു. മനസ്സിന്റെ ക്യാൻവാസും ഈ കാഴ്ചകളോടൊപ്പം വളർന്നു. ജാലകങ്ങളില്ലാത്ത ആ തുറന്ന കാഴ്ച എനിക്ക് സമ്മാനിച്ച ഒരിടമാണ് വില്ലിങ്ടൺ ഐലൻഡ്...ഇന്ന് കൊച്ചിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം.
കാഴ്ചയുടെ വിസ്മയം തീർത്തു ഒരു 'Infinity edge ബിഗ് സ്ക്രീൻ'...
കൊച്ചിയിലെ വേറിട്ട ഒരു കാഴ്ചാനുഭവം വില്ലിങ്ടൺ ഐലൻഡിലെ മലബാർ റോഡിൽ നിന്നാൽ കാണാം. സൈക്കിൾ ഒരു ബെഞ്ചിൽ ചാരി വെച്ച് അവിടെ ഇരുന്നു സൂര്യോദയം കണ്ടു. സൂര്യൻ ഉദിച്ചുയർന്നപ്പോൾ അതാ കാഴ്ചയുടെ വിസ്മയം തീർത്തു ഒരു ' ബിഗ് സ്ക്രീൻ'. ഇങ്ങു ഒരറ്റത്ത് നിന്ന് കണ്ടെയ്നർ ടെർമിനൽ തുടങ്ങി ഗോശ്രീ പാലവും, വല്ലാർപ്പാടം റെയിൽ പാലവും, ബോൾഗാട്ടി പാലസും, മറൈൻ ഡ്രൈവിലെ കെട്ടുവള്ളം, റൈൻബോ, ചൈനീസ് ഫിഷിങ് നെറ് ബ്രിഡ്‌ജുകളും , സുഭാഷ് പാർക്കിനെ അതിരിട്ട വിളക്കുകളും, ഇതിന്റെ ഒത്ത നടുക്ക് ബോട്ടുകളും ചെറു കപ്പലുകളും പോകുന്ന വിശാലമായ കായലും... എല്ലാം ഒരൊറ്റ ഫ്രെയിംഇൽ കാണുമ്പോൾ കൊച്ചിയുടെ ഹൃദയത്തിലാണ് നിൽക്കുന്നത് എന്ന് കാഴ്ചക്കാരന് തോന്നും. പിന്നീട് എത്രയോ പ്രഭാതങ്ങളിൽ, സായാഹ്നങ്ങളിൽ, രാത്രികളിൽ ഒക്കെ തനിച്ചും, കുടുംബത്തോടൊപ്പവും, സൈക്കിൾ കൂട്ടുകാരോടൊപ്പവും, ഈ ‘Infinity edge screen’ ലേക്ക് കൊതി തീരും വരെ കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. പൂർണ്ണചന്ദ്ര പ്രഭയിൽ കുളിച്ച് നിൽക്കുന്ന ദിവസങ്ങൾ കായലിനു വേറൊരു മാന്ത്രിക സൗന്ദര്യമാണ്. ദൂരെ വിശാലമായ ആകാശം കറുത്തിരുണ്ട് വന്നു കോരിച്ചൊരിയുന്ന മൺസൂൺ മഴ മറ്റൊരു മായകാഴ്ച...
വില്ലിങ്ടൺ ഐലൻഡ് ജനിച്ച കഥയിങ്ങനെ ...
കഥ നടക്കുന്നത് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചു കൊണ്ടിരുന്നപ്പോൾ. വളരെ വൈകിയാണ് കൊച്ചിയിൽ ഒരു വലിയ തുറമുഖത്തിന് സാധ്യത ഉണ്ടെന്നു ബ്രിട്ടീഷ് ഭരണകൂടം മാസിലാക്കുന്നതു തന്നെ. 1920 കാലഘട്ടം. വള്ളങ്ങളും ചെറുകപ്പലുകളും മാത്രം പോയിരുന്നതും, കടലിൽ നംങ്കൂരമിടുന്ന കപ്പലിൽ നിന്ന് ചരക്ക് കൈമാറ്റം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ളതുമായ ചെറിയ ഒരു ചാലു മാത്രമായിരുനു അപ്പോൾ കൊച്ചി തുറമുഖo. 1920-ൽ കൊച്ചി തുറമുഖത്തിന്റെ അധികാരം കൈയാളിയിരുന്ന മദ്രാസ് ഗവർണ്മെൻറ് കൊച്ചിയെ ഒരു വലിയ തുറമുഖമായി വികസിപ്പിക്കാൻ തീരുമനം എടുത്തു. അങ്ങനെ റോബർട്ട് ബ്രിസ്റ്റോ എന്ന നാല്പതുകാരനായ ബ്രിട്ടീഷ് സിവിൽ എഞ്ചിനീയറെ അന്നത്തെ മദ്രാസ് ഗവർണർ ലോർഡ് വില്ലിങ്ടൺ ഈ ദൗത്യത്തിനായി നിയമിച്ചു. 1920 ൽ ഇതിനായി റോബർട്ട് ബ്രിസ്റ്റോ കൊച്ചിയിൽ എത്തി.
“The Giant Sand Rock”- മൺ പാറ...
ഭീമാകാരനായ ഒരു സാൻഡ് റോക്ക് അഥവാ 'പാറ പോലെ ഉറച്ച മണ്ണ്' കൊച്ചിക്കായലിന്റെ അഴിമുഖത്ത് അനേകം വർഷങ്ങൾ കൊണ്ട് രൂപമെടുത്തിരുന്നു. ഇതായിരുന്നു കൊച്ചി പോർട്ടിൽ വലിയ കപ്പലുകൾ വരാൻ തടസ്സമായി നിന്നിരുന്നത്. പാരിസ്ഥിതികമായി ഉണ്ടാകാവുന്ന പ്രശ്നനങ്ങളെപറ്റി എല്ലാം പഠിച്ച ശേഷം റോബർട്ട് ബ്രിസ്റ്റോ ഈ ‘സാൻഡ് റോക്ക്’ ഡ്രെജ് ചെയ്തു നീക്കാം എന്ന് തീരുമാനിക്കുന്നു. അങ്ങനെ വലിയ കപ്പലുകൾക്ക് വരാൻ സൗകര്യം ഒരുക്കുക. പോർട്ട് വലുതാക്കുക. ഇങ്ങനെ മാന്തിയെടുക്കുന്ന മണ്ണ് വെണ്ടുരുത്തി ദ്വീപിനോട് ചേർക്കുക. ഇതിനായി കായലിന്റെ ഒരു ഭാഗം തന്നെ നികത്തുക. ഇങ്ങനെ രൂപപ്പെടുന്ന പുതിയ ദ്വീപ് പുതിയ പലങ്ങൾ പണിത് ഒരു വശത്ത് കരയോടും(വെണ്ടുരുത്തി പാലം) മറ്റൊരു വശത്തു മട്ടാഞ്ചേരിയോടും (മട്ടാഞ്ചേരി പാലം) ബന്ധിപ്പിക്കുക. ഇതായിരുന്നു ബ്രിസ്റ്റോ യുടെ പ്ലാൻ. നാല് ഘട്ടങ്ങളിലായാണ് ഈ പണികളെല്ലാം നടന്നത്. ‘ലേഡി വെല്ലിങ്ടൻ‘, 'ലോർഡ് വില്ലിങ്ടൺ' എന്ന രണ്ടു ഡ്രെഡ്ജിങ് ഷിപ്പുകൾ രണ്ടു വര്ഷം നിരന്തരമായി അദ്ധ്വാനിച്ചു. കൂടെ നാട്ടുകാരായ ജോലിക്കാരും. 'ലേഡി വെല്ലിങ്ടൻ' കപ്പൽ പ്രവർത്തനക്ഷമതയിലും കാലയളവിലും ഒരു ലോക റിക്കാർഡ് തന്നെ സൃഷ്ടിച്ചു. 450 അടി വീതിയും മൂന്നര മൈൽ വീതിയുമുള്ള ഒരഴിമുഖം ആഴക്കടലിനേയും കൊച്ചിക്കായലിനേയും ബന്ധിപ്പിച്ചുകൊണ്ട് രൂപം കൊണ്ടു. 1928 മാർച്ച് 30 ന് അവസാനത്തെ മൺപാറയും നീക്കം ചെയ്യപ്പെട്ടു. ബോംബേയിൽ നിന്നും വരികയായിരുന്ന പദ്മ എന്ന കപ്പൽ ആദ്യമായി കൊച്ചി പോർട്ടിന്റെ ഉള്ളിൽ കയറി. ഇതോടൊപ്പം ഡ്രെജ് ചെയ്തു മാറ്റിയ മണ്ണ് ഒരു മതിൽ കെട്ടി ഒരു പുതിയ ദ്വീപു സൃഷ്ടിച്ചുകൊണ്ടിരുന്നു. അതാണ് നമ്മുടെ വില്ലിങ്ടൺ ഐലൻഡ്. അതായതു 780 എക്കർ സ്ഥലം. പൂർണമായി മനുഷ്യ നിർമിതമായ ഒരു ഐലൻഡ്.
നാലാം ഘട്ടത്തിലാണ് കൊച്ചിയെ ലോകോത്തര തുറമുഖമാക്കി മാറ്റിയത്. പാലങ്ങൾ, റൊഡുകൾ, വാർഫുകൾ, ജട്ടികൾ, ക്രെയിനുകൾ, വെയർ ഹൗസുകൾ, വിദ്യുച്ഛക്തി നിലയം, ആവാസ കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ടാക്കപ്പെട്ടു. 1936 ൽ ഇന്ത്യാ ഗവർൺമന്റ് കൊച്ചിയെ ഒരു വൻകിട തുറമുഖമായി പ്രഖ്യാപിച്ചു. ഇരുപത്തൊന്നു വർഷത്തിന് ശേഷം 1941 ൽ റോബർട്ട് ബ്രിസ്റ്റോ ഇംഗ്ലണ്ടിലേയ്ക്ക് തിരികെ പോയി. 'കൊച്ചിൻ സാഗ' എന്ന ഒരു പുസ്തകവും എഴുതി. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യൂണിവേർസിറ്റിയിൽ അദ്ദേഹം ജോലിനോക്കി. 1966 ൽ അദ്ദേഹം മരിച്ചു. റോബർട്ട് ബ്രിസ്റ്റോയ്ക് മക്കൾ ഇല്ലായിരുന്നു. 2014 ൽ അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ Dr. Timothy John Bristow യും കുടുംബവും ഈ കഥകളും ഓർമകളും തേടി കൊച്ചിയിൽ ഈ ഐലൻഡിൽ എത്തിയിരുന്നു.
കൊച്ചിൻ പോർട്ട് ട്രസ്റ്ഇന്റെ ഓഫീസ് , മാരിടൈം museum , പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ , സൗത്തേൺ നേവൽ ബസ് ഇന്റെ ഒരു wing, കസ്റ്റംസ് ഓഫീസികളും, ഫൈവ് സ്റ്റാർ ഹോട്ടലുകളും, പോസ്റ്റ് ഓഫീസ്, സ്കൂളുകൾ, കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽവേ സ്റ്റേഷൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ്, നിരവധി ലോജിസ്റ്റിക്ട്സ് കമ്പനി ഓഫീസുകൾ, നാഷണലൈസ്ഡ് ബാങ്കിന്റെ ബ്രാഞ്ചുകൾ, CISF ഓഫീസ് ഇതൊക്കെ ഇവിടെ ഉണ്ട്. കൊച്ചി കായൽ തീരത്തെ ചെറിയ ഒരു പ്ലാൻഡ് ടൌൺ.
വെള്ളത്തിൽ നിന്ന് ഉയർന്നു വന്ന ഒരു ദ്വീപ്. കേവലം സങ്കല്പത്തിന്റെ ശക്തിയാൽ ഒരാൾ അത് വരച്ചെടുത്തു. ഇവിടെ വരുന്ന ഒരോ സഞ്ചരിക്കും അത് വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിച്ചു. ഇവിടെ എത്തിയാൽ കാലവും സമയവും കാഴ്ചയും അനന്തമായി നിൽക്കുന്നു എന്ന് തോന്നും ചിലപ്പോൾ. സ്വപ്‌നങ്ങൾ പുതിയ ആകാശം തേടുന്പോൾ ജാലകങ്ങളില്ലാത്ത ഈ തീരത്തെ കാഴ്ചകൾക്കായി സഞ്ചാരിയുടെ മനസ്സ് അപ്പോഴേക്കും ഈ പ്രപഞ്ചവുമായി ഇണങ്ങി കഴിഞ്ഞിരിക്കും...
留言