യാത്ര ചെയ്യുന്നതു പോലെ ഞാന്‍ ആസ്വദിക്കുന്ന മറ്റൊരു കാര്യമില്ല. മാറി മാറി വരുന്ന എന്‍റെ ഇഷ്ടങ്ങളുടെ കൂട്ടത്തിൽ യാത്രയും ഫോട്ടോഗ്രാഫിയും ചിത്രരചനയും എന്‍റെ ഹൃദയത്തോടു ചേര്‍ത്തുവച്ച മനോഹരവും സത്യസന്ധവും സ്ഥിരവുമായ ആനന്ദങ്ങള്‍ ആയിരുന്നു. ഞായറാഴ്ച പ്രഭാതങ്ങളില്‍ ഫോര്‍ട്ട് കൊച്ചി ബീച്ചിലേക്കുള്ള എന്‍റെ സൈക്കിള്‍ യാത്ര ഇതിനോടു ചേര്‍ക്കപ്പെട്ട പുതിയ ഇഷ്ടവും. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നാര്‍ വരെ ഒരു സൈക്കിള്‍ യാത്ര പോയാലോ എന്ന് എന്‍റെ ആത്മ സുഹൃത്ത് രതീഷ് മുന്നോട്ടു വച്ച ആശയം എന്നെ തെല്ലൊന്നു ഞെട്ടിച്ചു. പതിവ് പോലെ എന്‍റെ പിന്തിരിപ്പന്‍ മൂരാച്ചി ചിന്തകള്‍ ടിക്കെറെടുത്തു ക്യൂ നിന്നു. അങ്ങോട്ടും ഇങ്ങോട്ടും കൂടെ 250 കി.മീ. ന് മുകളില്‍ ദൂരം, അയ്യായിരം അടി കുത്തനെ ഉള്ള കയറ്റങ്ങള്‍ നിരവധി, അപകടം പതിയിരിക്കുന്ന ഹൈര്പിന്‍ വളവുകള്‍, മഴക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല, അപൂര്‍വമായ നിശബ്ധതയും വിജനതയും ഉള്ള പ്രദേശങ്ങള്‍ താണ്ടണം, കാര്‍ യാത്ര പോലെ സുരക്ഷിതം അല്ല. ഈ ചെറിയ സൈക്കിള്ലല്‍ പത്തു പന്ത്രണ്ടു മണിക്കൂര്‍ മൂന്നാര്‍ വരെ, തിരുച്ചു ഇങ്ങോട്ടും. ഇത് വല്ലതും നടക്കുമോ. “ഇത് വേണ്ടടാ, ഈ യാത്ര വേണ്ട” എന്ന് പറയാന്‍ നാവെടുത്തതും ശരീരവും മനസ്സും ചില വെത്യസ്ത സന്ദേശങ്ങള്‍ പരസ്പരമയച്ചു. “ജിന്‍സ്, നിന്റെ ജീവിതം ആസ്വദിക്കാനും വ്യെത്യസ്തതകള്‍ പരീക്ഷികാനും ഉള്ള അനുമതി നീ എന്തിനു നിഷേധിക്കുന്നു. ഇത് നല്ലൊരു തുടക്കമാണ്. നിന്‍റെ മനസ്സില്‍ ഭയം ബാക്കി ഉണ്ടെങ്കില്‍ അത് പടിയടച്ചു പുറത്തു കളയാന്‍ പറ്റിയ അവസരം. പുതിയതും വ്യെത്യസ്തവുമായ സഞ്ചാരാനുഭവങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാക്കും. ഭയവും ആശങ്കയും വിട്ടകന്നു ആകാശത്തിലെ പക്ഷിയെപ്പോലെ സ്വതന്ത്രനവുക”.
ഉറച്ച തീരുമാനത്തോടെ ഞാന്‍ രതീഷിനോട് പറഞ്ഞു. “നമുക്ക് തീര്‍ച്ചയായും പോകാം, ഈ മാസം തന്നെ പോകാം.” അങ്ങനെ നവംബര്‍ ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച അതിരാവിലെ തൃപ്പൂണിത്തുറയിലെ എന്റെ വീട്ടില്‍ നിന്ന് പുറപ്പെടാന്‍ തീരുമാനിച്ചു. ശനിയാഴ്ച മുന്നാര്‍ എത്തി രാത്രി അവിടെ വിശ്രമിച്ചു ഞായറാഴ്ച രാവിലെ തിരികെ വരാന്‍ പ്ളാന്‍ ചെയ്തു. എന്റെ ഒരു സുഹൃത്തായ ഫോര്‍ട്ട് കൊച്ചിയിലെ ഡോണിചേട്ടന്‍ വഴി മൂന്നാറിന് അഞ്ചു കി.മീ അകലെ ദേവികുളം എന്നാ സ്ഥലത്ത് രാത്രി തങ്ങാനായി വാട്ടര്‍ വാലി ഹോം സ്റ്റേ ബുക്ക് ചെയ്തു. ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. ഡിക്ലാത്തോന്‍ സ്പോര്‍ട്സ് ഷോപ്പില്‍ പോയി സൈക്കിള്‍ന്‍റെ മുഴുവന്‍ ചെക്കിംഗ് ചെയ്തു കുഴപ്പം ഒന്നും ഇല്ലെന്ന്നു ഉറപ്പു വരുത്തി. അത്യാവശ്യം സൈക്കിള്‍ റിപ്പയറിംഗ് അവരില്‍ നിന്ന് പഠിച്ചെടുത്തു. ആവശ്യമായ റിപ്പൈര്‍ ടൂളുകള്‍ വാങ്ങി. സുരക്ഷിതത്വത്തിനു വേണ്ട മുന്‍ കരുതലുകള്‍ എടുത്തു. ഹെല്‍മെറ്റ്, റിഫ്ലെക്ടര്‍, ഫേസ് മാസ്ക് എല്ലാം ഒരുക്കി വച്ച്. ചെറിയൊരു ഫസ്റ്റ്-എയിഡ് കിറ്റും വാങ്ങി. വളരെ കുറച്ചു സാധനങ്ങള്‍ മാത്രം എടുത്തു. മാനസികമായി തയ്യാറെടുത്തു.
ചുറ്റുമുള്ളവര്‍ ഞങ്ങള്‍ ഒരു കുഴപ്പത്തിലേക്കാണ് എടുത്തു ചാടുന്നത് എന്ന സൂചന തന്നു കൊണ്ടിരുന്നു. എന്നാല്‍ തീരുമാനാങ്ങളിലുള്ള ഉറപ്പു എന്തിനെയും നേരിടാന്‍ പോന്നതായിരുന്നു. ആപത്തുകളെ മാനസാന്ന്യിദ്ധ്യത്തോടെ നേരിടാം എന്നാ വിശ്വാസം ഉണ്ടെനിക്ക്. അപരിചിതരോടു സൌഹൃദം സ്ഥാപിക്കാനും, വളരെ നേരം സംസാരിക്കാനും കഴിയും. ദീര്‍ഘമായ ക്ഷമയോടെ പ്രശ്നങ്ങളെ ഞാന്‍ അതിജീവിക്കാറുണ്ട്. വിവിധ തരത്തിലുള്ള വ്യത്യസ്തമായ കാലാവസ്ഥയോടും ഭക്ഷണത്തോടും എനിക്ക് അനായാസം പൊരുത്തപ്പെടാന്‍ കഴിയും. ഈ കാരണങ്ങളാല്‍ ഒരു സഞ്ചാരി ആവുക എന്നത് ജീവിതത്തിലെ പരമാപ്രധാനമായ ഒരു ഉദ്ദേശമായി എനിക്ക് അനായാസം മെരുങ്ങുന്ന ഒരു കലയായി സ്വയം ഒരു സഞ്ചാരിയായി എന്നെ ഞാന്‍ കണ്ടിരുന്നു. വര്‍ഷം മുഴുവന്‍ ക്യാന്‍വാസും പെയിന്റ്മായി സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യുന്ന സഞ്ചാരിയായി ഈ ലോകത്തെ ഹൃദയം കൊണ്ട് നോക്കി കാണുന്ന കാര്യഗൌരവം തീരെയില്ലാത്ത സ്വതന്ത്രചിന്തകനായ ഒരു കലകാരനവുക എന്നതായിരുന്നു ഫൈന്‍-ആര്‍ട്സ് കലാലയ ദിനങ്ങളിലെ നിറഞ്ഞു നിന്നിരുന്ന എന്‍റെ രസകരമായ സ്വപ്നം.
തൃപ്പൂണിത്തുറ മുതല്‍ ദേവികുളം വാട്ടര്‍ വാലി ഹോം സ്റ്റേ വരെ ഉള്ള ലക്ഷ്യത്തെ പല ഘട്ടങ്ങളായി വിഭജിച്ചു. പോകേണ്ട വഴിയെക്കുറിച്ചു പഠിച്ചു. ദീര്‍ഘ ദൂരം സൈക്കിള്‍ യാത്ര ചെയ്യുന്നവരുടെ അനുഭവങ്ങള്‍ ചോദിച്ചും വായിച്ചും അറിഞ്ഞു. 145 കി. മീ. ആയിരുന്നു തൃപ്പൂണിത്തുറ മുതല്‍ ദേവികുളം വരെയുള്ള ദൂരം. ഓരോ മണിക്കൂര്‍ ഇടവിട്ട് പതിനഞ്ചു മിനിറ്റു വിശ്രമിച്ചു, സ്ട്രെച് വ്യായാമങ്ങള്‍ ചെയ്തു, ലഘു ഭക്ഷണങ്ങള്‍ കഴിച്ചു, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ചു, ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്താനും ആയാസം കുറയ്ക്കാനുമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
നവംബര്‍ 22നു ശനിയാഴ്ച അതിരാവിലെ 4.30ന് തൃപ്പൂണിത്തുറയിലെ വീട്ടില്‍നിന്നു ഞാനും രതീഷും യാത്ര തുടങ്ങി. ഒരു സാന്‍വിച്ചും കാപ്പിയും അകത്താകിയിരുന്നു. NH49 ആയിരുന്നു യാത്ര മാര്‍ഗ്ഗം. Btwin Rockrider 5.1 മോഡല്‍ സൈക്കിള്‍ ആയിരുന്നു ഞങ്ങളുടേത്. സൈക്കിള്‍ യാത്രയില്‍ നാം തന്നെയാണ് വാഹനത്തിന്‍റെ എന്‍ജിനും, ഇന്ധനവും ഒക്കെ. തുറന്ന പ്രകൃതിയില്‍ നമുക്ക് കാഴ്ചകള്‍ കണ്ടു ആസ്വദിച്ചു സഞ്ചരിക്കാം. കാറിലോ ബൈക്കിലോ യാത്ര ചെയ്യുന്നതില്‍ നിന്നും തികച്ചും വ്യെത്യസ്തതമായ അനുഭവങ്ങളാണ് സൈക്കിള്‍ യാത്ര പകര്‍ന്നു തരുന്നത്.
ദീര്‍ഘദൂര സൈക്കിള്‍ യാത്രയ്ക്ക് അനുയോജ്യമായ വസ്ത്രമാണ് ഞങ്ങള്‍ ധരിച്ചിരുന്നത്. ഹെല്‍മെറ്റും, ഫേസ് മാസ്കും, ഹെല്‍മെറ്റ് ക്യാമറയും, ഗ്ലവ്സും, റിഫ്ലെക്ടര്‍ ജാക്കറ്റും, പിന്നെ പല ഗിയറുള്ള സൈക്കിള്‍ഉം ഒക്കെ കൂടി ചില യുദ്ധനായകന്മാരുടെയോ വിദേശ സൈക്കിള്‍ സഞ്ചാരികളുടെയോ ഒരു പ്രത്യക രൂപം തോന്നിച്ചിരുന്നു. ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഞങ്ങള്‍ സൈക്കിള്‍ നിര്‍ത്തി വിശ്രമിച്ച സ്ഥലങ്ങളിലൊക്കെ ആളുകള്‍ അടുത്തേക്ക് വരികയും കൌതുകത്തോടെയും ആകാംഷയോടെയും വിശേഷങ്ങള്‍ ചോദിക്കുകയും ചിലര്‍ സൈക്കിള്‍ ഓടിച്ചു നോക്കുകയും ഒക്കെ ചെയ്തിരുന്നു. സ്കൂള്‍ കുട്ടികള്‍ കൈവീശി കാണിക്കുകയും ഞങ്ങള്‍ തിരിച്ചും അങ്ങനെ തന്നെ ചെയ്തു. യാത്രയില്‍ ഉടനീളം ആളുകളുടെ ഈ പെരുമാറ്റവും കൌതുകവും അദ്ഭുതവും ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നവയായിരുന്നു. സൈക്കിള്‍ സഞ്ചാരം തികച്ചും രസകരമായ ഒരു ആശയമാണെന്നും ലോകം മുഴുവന്‍ സൈക്കിളില്‍ യാത്ര ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നും ആഗ്രഹിച്ചു പോയി. ഓരോ പ്രദേശത്തെയും വ്യെത്യസ്തമായ രീതിയില്‍ അടുത്തറിയാനും അവിടുത്തെ ജനങ്ങളുമായി സംസാരിക്കാനും ഇതിലും മികച്ച ഒരു വഴിയല്ല. സോഷ്യല്‍ മീഡിയക്ക് മുന്‍പുള്ള ഒരു കാലഘട്ടത്തിലേക്ക് ഒരു വേള ഒന്ന് പോയി വന്നത് പോലെയാണ് ഈ യാത്ര എന്ന് തോന്നി.
സൈക്കിള്‍ ചവിട്ടി ചവിട്ടി ഞങ്ങള്‍ മൂവാറ്റുപുഴയില്‍ എത്തി. സമയം രാവിലെ 7.30. നല്ല ദാഹം. ജ്യൂസ് കുടിക്കാനായി വഴിയരികിലെ ഒരു ചെറിയ കടക്കരികില്‍ നിര്‍ത്തി. പാതയരികില്‍ നിന്ന മുസ്ലിം പുരോഹിതന്‍ എന്ന് തോന്നിക്കുന്ന ഒരു ഗ്രമീണന്‍ കൌതുകത്തോടെ അരികിലേക്ക് വന്നു. എഴുപതിനോടടുത്തു പ്രായം വരും. കൌതുകത്തോടെ കുശലാന്വേഷണമായി. കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഒരു സൈക്കിള്‍ യാത്രക്കാണെന്ന് പറഞ്ഞപ്പോള്‍ പുചിരിയോടെ കൂടുതല്‍ അന്വേഷിച്ചു. അയാള്‍ പറഞ്ഞു. “വളരെ നല്ല കാര്യം ഞങ്ങളുടെ ചെറുപ്പകാലത്ത് സൈക്കിള്‍ മാത്രമായിരുന്നു വാഹനം”. തന്റെ സൈക്കിള്‍ യാത്രാനുഭവങ്ങള്‍ വിവരിക്കാനായി പുതിയ തലമുറയിലെ ശ്രോതാക്കളെ കിട്ടിയത് അദ്ദേഹത്തിനു സന്തോഷം പകര്‍ന്നു. ഇത് കണ്ടു കൊണ്ടിരുന്ന അദ്ദേത്തിന്റെ സുഹൃത്തും അടുത്ത് വന്നു. അയാള്‍ക്ക് പറയാനുണ്ടായിരുന്നാത് നേര്യമംഗലത്തിന്‍റെയും മൂന്നാറിന്റെയും ഭൂപ്രകൃതിയുടെ കഥകളായിരുന്നു.
“നേര്യമംഗലം പാലമാണ് ഹൈറേഞ്ച്ന്‍റെ മുഖച്ഛായ മാറ്റി മറിച്ചത്. പാലം വരുന്നതിനു മുന്പ് ഇതൊക്കെ ചെമ്മണ്‍പാത ആയിരുന്നു. തിരുവതാംകൂര്‍ രാജകുടുംബം പാലം പണി കഴിപ്പിച്ചതോടെ ഹൈറേഞ്ച്ന്‍റെ വികസനം ആരംഭിച്ചു. ഹൈറേഞ്ച്നെ നഗരവുമായി ബന്ധിപ്പിച്ചു. യാത്ര എളുപ്പമായി. അങ്ങനെ ഹൈറേഞ്ച്ന്‍റെ കവാടമായി നേര്യമംഗലം പാലത്തെ കാണാം. റാണിക്കല്ല് എന്ന സ്മാരകം ഈ പാലത്തിന്റെ നിര്‍മ്മിതിയോടു ബന്ധപ്പെട്ടിരിക്കുന്നു.” അയാള്‍ പറഞ്ഞു നിര്‍ത്തി.
ജ്യൂസ് കുടിക്കുന്നത്തിനിടയില്‍ സംസാരം തുടര്‍ന്നു. പോകുന്ന വഴിയില്‍ കുടിക്കാന്‍ വേണ്ട വെള്ളവും ശേഖരിച്ചു. ഗ്രാമീണരോട് യാത്ര പറഞ്ഞ് കോതമംഗലം ലക്ഷ്യമാക്കി സഞ്ചാരം തുടര്‍ന്നു. 9.30ന് കോതമംഗലം എത്തി. നല്ല വിശപ്പ്. വഴിയോരത്ത് കണ്ട ചായക്കടയില്‍ കയറി പ്രഭാതഭക്ഷണം കഴിച്ചു. അപ്പവും, മുട്ടക്കറിയും, പുട്ടും, കടലയും ഓരോ ഡബിള്‍ സ്ട്രോങ്ങ് ചായയും. നല്ല നാടന്‍ ഭക്ഷണം ചൂടോടെ. ഭക്ഷണമാകുന്ന ഇന്ധനം അടിച്ച ശേഷം യാത്ര തുടര്‍ന്നു. നെല്ലിമറ്റം, തലക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇടയ്ക്കു വഴിയരികില്‍ ഇരുന്നു വിശ്രമിച്ചു. സുന്ദരമായ ഭൂപ്രകൃതി. തുടര്‍ന്ന്‍ നേര്യമംഗലം അടുത്തുള്ള വില്വന്ചിറ കയറ്റം അല്‍പ്പം ആയാസമായി തോന്നി. പിന്നെ ആശ്വാസമെന്നവണ്ണം നല്ല ഒരു ഇറക്കം. അങ്ങനെ ഹൈറേഞ്ച്ന്‍റെ കവാടമായ നേര്യമംഗലം പാലത്തില്‍ 11.30 ഇന് എത്തി ചേര്‍ന്നു.
ഹൈറേഞ്ച്ന്‍റെ കവാടം! പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ഏകദേശം പകുതി ദൂരം താണ്ടിയിരിക്കുന്നു. 72 കി. മീ. ആയിരിക്കുന്നു യാത്ര തുടങ്ങിയിട്ട്. രാജകീയ സ്പര്‍ശമുള്ള പാലം പിന്നിട്ടപ്പോള്‍ റാണിക്കല്ല് തെളിഞ്ഞു വന്നു. ആശ്വാസത്തിന്‍റെ ഒരു ചിരി പരസ്പരം സമ്മാനിച്ച് കൊണ്ട് അടിമാലി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഇനി യാത്ര ചെയ്യേണ്ടത് വിജനമായ സ്ഥലങ്ങളിലൂടെ.
ഞായറാഴ്ച്ചകളില്‍ 40–50കി. മീ. സൈക്കിള്‍ ചവിട്ടുന്ന ഞങ്ങള്‍ക്ക് നേര്യമംഗലം വരെയുള്ള യാത്ര എളുപ്പമായി തോന്നി. സമതലത്തില്‍ സൈക്കിള്‍ ചവിട്ടി പരിചയം ഉള്ള ഞങ്ങള്‍ പകച്ചു പോയത് അടിമാലിയിലേക്കുള്ള കുത്തനെയുള്ള കയറ്റങ്ങള്‍ കണ്ടിട്ടാണ്. സൈക്ലെളുമായി നില്‍ക്കുമ്പോള്‍ ഇത് ഒരു ഒന്നൊന്നര കയറ്റമാണെന്ന് തോന്നിപ്പോകും. ‘ഇതെന്താ സംഭവം’! എന്ന മട്ടില്‍ കയറ്റത്തെ നോക്കി കൊഞ്ഞനം കുത്തി കുറച്ചു നേരം കുത്തിയിരുന്നു. കാറില്‍ എത്രയോ തവണ മൂന്നാര്‍ വന്നിരിക്കുന്നു ഈ കയറ്റം നമ്മള്‍ കണ്ടിട്ടില്ലല്ലോടാ എന്നാ മട്ടില്‍ രതീഷും. അവസാനം ‘കര്‍ത്താവേ! ഞങ്ങള്‍ ഇതാ വരുന്നേ കാത്തോളനേ’ എന്ന് വിളിച്ചു രണ്ടും കല്‍പ്പിച്ചു പൊന്മല കയറ്റം തുടങ്ങി. ഒച്ചിഴയുന്ന വേഗത്തിലാണ് സൈക്കിള്‍ നീങ്ങുന്നത്. ചവിട്ടി ചവിട്ടി കാലു കുഴഞ്ഞു. ഏകദേശം 30 കി. മീ. ഈ കയറ്റം കയറണം അടിമാലിയെത്താന്‍ എന്നോര്‍ത്തപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന പോലെ വഴിയില്‍ കാറില്‍ പോകുന്ന ഒരു സംഘം യുവാക്കള്‍ (ഇന്‍ഫോ പാര്‍ക്കില്‍ തന്നെയുള്ള ഏതെങ്കിലും ഐ.റ്റി വിപ്ളവകാരികളാവും) ഞങ്ങളെ കളിയാക്കികൊണ്ട് കാറില്‍ കടന്നു പോയി. ക്ഷീനിച്ചവാശരായ ഞങ്ങള്‍ക്ക് അവരെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിക്കാന്‍ പോലും ഉള്ള ത്രാണി ഇല്ലായിരുന്നു. പിസ്സാ ഗോപുരം പോലുള്ള കയറ്റങ്ങള്‍ ഞങ്ങളുടെ മുന്പില്‍ ഒരു ചോദ്യചിഹ്നമായി നിന്നു. “ഇത് ഇപ്പോഴെങ്ങും തീരില്ലേ? നമുക്ക് തിരിച്ചു പോയാലോ?” രതീഷിന്റെ ചോദ്യം ഒരു സിംബല്‍ടിയുടെ അകമ്പടിയോടെ എന്റെ ഹൃദയത്തിന്റെ ഭിത്തികളില്‍ തുളച്ചു കയറി. ഞങ്ങള്‍ വഴിയില്‍ കുത്തിയിരുന്നു തലങ്ങും വിലങ്ങും ആലോചിച്ചു. ഞങ്ങള്‍ മൂന്നാറില്‍ സൈക്കിളില്‍ പോവുകയാണെന്ന് അറിയാന്‍ നാട്ടില്‍ ഒരു പൂച്ചകുഞ്ഞു പോലും ബാക്കിയില്ല. തിരിച്ചു ചെന്ന് വീട്ടുകാരോടെന്തു പറയും. ഞങ്ങളുടെ ആത്മാഭിമാനം കപ്പല്‍ കയറി പോകുന്നത് കൊച്ചിയില്‍ നിന്ന് ഞങ്ങള്‍ കാണേണ്ടി വരുമോ?
നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ ആത്മവീര്യം സടകുടഞ്ഞെഴുന്നേറ്റു. അല്പനേരത്തേക്കു ഞാനൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആയി മാറി. ഞാന്‍ പറഞ്ഞു “എടാ ഈ കയറ്റം കീഴടക്കാന്‍ പറ്റാത്ത നമ്മള്‍ ജീവിതത്തിലെ പ്രശ്നങ്ങള്‍ എങ്ങനെ നേരിടും.” രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ എഴുന്നേറ്റു. 30 കി. മീ. കുത്തനെ ഉള്ള കയറ്റം. ലക്ഷ്യം അടിമാലി. പിന്നെ മാത്സരിച്ചു ഒരു യാത്രയായിരുന്നു. ചീയപ്പാറ വെള്ളച്ചട്ടത്തിനടുത്തെത്തിയപ്പോഴെക്കും വീണ്ടും തളര്‍ന്നു. നോക്കുമ്പോള്‍ ഒരു കൂട്ടം പോലീസുകാര്‍ ചെക്കിംഗിന് നില്‍ക്കുന്നു. രതീഷ് കടന്നു പോയി. കൂട്ടത്തില്‍ വല്ലാതെ സുന്ദരന്‍ ആയതു കൊണ്ടാണോ എന്നറിയില്ല പോലീസെന്നെ കൈ കാണിച്ചു നിര്‍ത്തിച്ചു. ഇങ്ങോട്ട് പോന്നതിനു ശേഷം സൈക്കിളിന് ലൈസെന്‍സ് വേണം എന്ന് പുതിയ നിയമം വല്ലതും സര്‍ക്കാര്‍ ഇറക്കിയോ ദൈവമേ എന്ന് ചിന്തിച്ചു സൈക്കിള്‍ നിര്‍ത്തി ഒരു ചിരി പാസാക്കി. പോലീസുകാര്‍ക്ക് കൌതുകവും ആകാംഷയും. അവര്‍ സൈക്കിള്‍നെക്കുറിച്ചും യാത്രയെക്കുറിച്ചും ചോദിച്ചു. ആശ്വാസമായി. അവര്‍ക്കു വേണ്ട വിവരങ്ങള്‍ നല്‍കി സൈക്കിള്‍നെ കുറിച്ച് ഒരു സ്റ്റഡി ക്ലാസും എടുത്ത ശേഷം അടിമാലി ജനമൈത്രി പോലീസിന്‍റെ സ്നേഹഭിവാദനങ്ങള്‍ ഒരു ‘റ്റാ റ്റാ’ രൂപത്തില്‍ എറ്റു വാങ്ങിക്കൊണ്ടു യാത്ര തുടങ്ങി.
അടുത്ത് കണ്ട ചായക്കടയില്‍ നിന്ന് ഒരു ഡബിള്‍ സ്ട്രോങ്ങ് ചായ കഴിച്ചു പുത്തനുണര്‍വുമായി വീണ്ടും ചാര്‍ജ് ചെയ്തു യാത്ര തുടര്‍ന്നു. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. കുറച്ചു യാത്ര ചെയ്തപ്പോള്‍ വഴിയരികില്‍ ഇരുന്നു. പാമ്പുകളുടെ കൂട്ട ആത്മഹത്യ പോലെ രണ്ടു പാമ്പുകള്‍ ചത്ത് കിടക്കുന്നു. സ്ഥലം അത്ര പന്തിയല്ല എന്ന് തിരിച്ചറിഞ്ഞ ഞങ്ങള്‍ വീണ്ടും സൈക്കിള്‍ ചവിട്ടി തുടങ്ങി. ഓരോ കയറ്റം കയറുമ്പോഴും രതീഷ് ചോദിക്കും. “ഇപ്പൊ എത്തുവോടാ?” ഞാന്‍ പറയും “ഇപ്പൊ എത്തുവെടാ, ഇനി കുറച്ചൂടെ ഉള്ളു” അങ്ങനെ 25കി. മീ. ഉരുണ്ടു കയറി. സമയം ഇപ്പോഴേ 4 മണിയായി. ഇനി 5 കി. മീ. കയറ്റം കയറിയാലേ അടിമാലി എത്തൂ. അവിടെ നിന്നി 35.കി. മീ. ഇതിലും കുത്തനെ ഉള്ള കയറ്റം ദേവികുളം വരെ. എങ്ങനെ പോയാലും രാത്രി 9 മണിയാകും ഹോം സ്റ്റേയില്‍ എത്താന്‍. കൂടാതെ മഴയും തുടങ്ങി. ദേവികുളം ആന ഇറങ്ങുന്ന സ്ഥലം ആണ്. സൈക്കിള്‍ ചവിട്ടിയാല്‍ എത്തും എന്ന് ഉറപ്പില്ല. അങ്ങനെ ഞങ്ങള്‍ ഒരു തീരുമാനം എടുത്തു. അടിമാലി ടൌണ്‍ എത്തിയ ശേഷം ഒരു ജീപ്പില്‍ ദേവികുളത്തേക്ക് പോയാലോ? ലക്ഷ്യം പൂര്‍ത്തീകരിക്കാതെ പിന്തിരിയാന്‍ മനസ്സുവരുന്നില്ല. എന്റെ കൂട്ടുകാരന്‍ അടിമാലി സ്വദേശി അര്‍ജുനെ വിളിച്ചു. അവന്‍ അടിമാലി ടൌണിലുള്ള ഒരു ജീപ്പ് ബുക്ക് ചെയ്തു. അഞ്ചുമണിയോടെയെങ്കിലും അവിടെ എത്താന്‍ നിര്‍ദ്ദേശിച്ചു. ജീപ്പ് ഡ്രൈവെരോട് ഞങ്ങള്‍ 5 മണിയോടെ അടിമാലി ടൌണില്‍ എത്തുമെന്നും കൊച്ചിയില്‍ നിന്ന് സൈക്കിളില്‍ലാണ് ഞങ്ങള്‍ എത്തികൊണ്ടിരിക്കുന്നത് എന്നുമുള്ള കാര്യങ്ങള്‍ അര്‍ജുന്‍ പറഞ്ഞിരുന്നു.
ഏകദേശം നാലരയോടെ അടിമാലി ടൌണില്‍ എത്തി. ഒരു സംഘം ആളുകള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ‘നിക്കാണോ ഓടണോ’ ഞങ്ങളൊന്നു പേടിച്ചു. പിന്നെയാണ് കാര്യം മനസിലായത്. ഞങ്ങളെ കാത്തുനിന്ന ഈ ജീപ്പ് ഡ്രൈവര്‍ മറ്റുള്ള ഡ്രൈവര്‍മാരോടും ഞങ്ങളെ ക്കുറിച്ച് പറഞ്ഞിരിന്നു. കൊച്ചിയില്‍ നിന്ന് രണ്ടു കൊച്ചു പയ്യന്മാര്‍ ഒരു പണിയുമില്ലാതെ സൈക്കളില്‍ യാത്ര ചെയ്തു വരുന്ന്നു എന്നറിഞ്ഞ ചില നാട്ടുകാരും ഇവരോടൊപ്പം കൂടി. ഈ സംഘമാണ് ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഞങ്ങളുടെ വേഷവിധാനവും, ആടയാഭരണങ്ങളും, സൈക്കളും കണ്ട അവര്‍ വേഗം തിരിച്ചറിഞ്ഞു. ഡ്രൈവര്‍ ജോര്‍ജ് സ്വയം പരിചയപ്പെടുത്തി. സമാധാനമായി. കൌതുകത്തോടെയും അത്ഭുത്തോടെയും അവര്‍ ചുറ്റും കൂടി. ഞങ്ങള്‍ ഒരു സംഭവം ആണെന്ന് ജീവിതത്തില്‍ ആദ്യമായി നിര്‍വൃതിയോടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. മടങ്ങിപോകാന്‍ തോന്നിയ ആ ദുര്‍ബല നിമിഷത്തെ ഓര്‍ത്ത് ശപിച്ചു. ഈ ആള്‍ക്കൂട്ടത്തില്‍ ആവേശഭരിതരായ ഞങ്ങള്‍ ഒരടി പോലും നടക്കാന്‍ ശേഷിയില്ലെങ്കില്‍ കൂടി ഈ ജീപ്പ് യാത്ര ഉപേക്ഷിച്ചു 35 കി. മീ. കൂടി സൈക്കിള്‍ ചവിട്ടി ദേവികുളത്ത് എത്തിയാലോ എന്ന് വരെ ഒരു വേള ചിന്തിച്ചു. ലാന്‍സ് ആമ്സ്ട്രോങ്ങിന്‍റെ താരജാടയില്‍ ഞങ്ങള്‍ അങ്ങനെ നില്‍ക്കുമ്പോള്‍ മലവെള്ളപാച്ചില്‍ പോലെ ചോദ്യങ്ങള്‍. “ഇത്രയും ദൂരം കൊച്ചിയില്‍ നിന്നാണോ വരുന്നത്? ഈ സൈക്കിള്‍ന്‍റെ വിലയെത്രയാ? എവിടെ നിന്ന് വാങ്ങിച്ചു? എത്ര ഗിയറുണ്ട്? കയറ്റത്തില്‍ ഏതു ഗിയറിടും? സൈക്കിള്‍ ജീപ്പിലേക്ക് അവര്‍ തന്നെ കയറ്റി വച്ചു തന്നു. അങ്ങനെ അടിമാലിയോടു യാത്രപറഞ്ഞു 102 കി. മീ സൈക്കിള്‍ യാത്രക്ക് ശേഷം, സൈക്കിള്‍നും ഞങ്ങള്‍ക്കും വിശ്രമം കൊടുത്തു ജീപ്പ് ഡ്രൈവര്‍ ജോര്‍ജ്നോടൊപ്പം ദേവികുളം ലക്ഷ്യമാക്കി യാത്രയായി. ജീപ്പ് വിട്ടു പോകുന്നത് വഴി പുറകില്‍നിന്നു ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു ചോദിക്കുന്നുണ്ട്. “അതേ മക്കളേ, ആ കട എവിടെയാനെന്നാ പറഞ്ഞത്?”.
മഴപെയ്യുന്നുണ്ട്, ഇരട്ടു പരന്നുതുടങ്ങി. നല്ലവനും സംസാരപ്രിയനുമായ ഒരാളയിരിന്നു ഡ്രൈവര്‍ ജോര്‍ജ്. അടിമാലി സ്വദേശിയായ ഇദ്ദേഹത്തിന്‍റെയാണ് ജീപ്പ്. വാചാലനായി അദ്ദേഹം അടിമാലിയുടെ ചരിത്രത്തെകുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും പറഞ്ഞു തുടങ്ങി. എലയ്ക്കയുടെയും കുരുമുളകിന്റെയും മണമുള്ള മലഞ്ചരക്ക് വ്യാപാരത്തിന്റെ വന്‍ ലാഭ-നഷ്ട കഥകളാണ് അടിമാലിക്കും ജോര്‍ജ്നും ഞങ്ങളോട് പറയാനുണ്ടായിരുന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍ എറണാകുളം, മൂവാറ്റുപുഴ, കോതമംഗലം, കോട്ടയം പ്രദേശങ്ങളില്‍ നിന്ന് കുടുംബസമേതം ചേക്കേറിയ കുടുംബങ്ങളാണ് അടിമാലിയുടെ മുഖച്ഛായ മാറ്റിയത്. ഏലവും കുരുമുളകും കൃഷി ചെയ്തു മലഞ്ചരക്കു വ്യാപാരത്തില്‍ ഏര്‍പ്പെട്ട അവരുടെ ജീവിത കഥകള്‍ ഈ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണിയിലെ മൂല്യത്തിന്റെ അനിശ്ചിതത്വത്തോട് ഇഴചേര്‍ന്നു കിടക്കുന്നുണ്ട്. യുദ്ധശ്രുതികളും, വിദേശനാണയങ്ങളുടെ മൂല്യവ്യതാസവും, ഭരണനയങ്ങളിലെ മാറ്റങ്ങളും, രാഷ്ട്രീയാധികാര കൈമാറ്റങ്ങള്‍ വരെ ഈ സുഗന്ധവ്യഞ്ജനങ്ങളുടെ വിലയേയും ഈ കച്ചവടകാരുടെ ജീവിതത്തേയും സ്വാധീനിച്ചു പോന്നു. അനിശ്ചിതത്വം മൂലമുള്ള ഈ വന്‍ ലാഭ-നഷ്ട കഥകള്‍ അടിമാലിയുടെ ചരിത്രത്തിന്റെ ഭാഗമായിരുന്നു.
അശാസ്ത്രീയമായ നഗരവികസനം അടിമാലിയെയും മുറിവേല്പ്പിച്ചിട്ടുണ്ട്. മാലിന്യകൂമ്പരവും, അതിവേഗം നികത്തപ്പെടുന്ന തോട്ടങ്ങളും അടിമാലിക്ക് ഭീഷണിയാണ്. സ്വകാര്യ കമ്പനികളുടെ തോട്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കയ്യേറ്റം ചെയ്യപ്പെടാതെ നിലനില്‍ക്കുന്നത്.
ഒരു മണിക്കൂര്‍ യാത്ര വളരെ രസമായിരുന്നു ആയിരുന്നു. 30 കി. മീ. യാത്ര ചെയ്തു ഒടുവില്‍ മൂന്നാര്‍ എത്തി. സമുദ്രനിരപ്പില്‍ നിന്ന് 5600 അടി ഉയരത്തില്‍. ഇനി ലക്‌ഷ്യം കേരളത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമായ ദേവികുളവും അവിടുത്തെ വാട്ടര്‍ വാലി എന്ന വീടും തങ്കച്ചന്‍ എന്ന അതിന്റെ നടത്തിപ്പുകാരനും. ഇനി കഷ്ട്ടിച്ചു അര മണിക്കൂര്‍ കൂടി. ഏകദേശം 5 കി. മീ കുത്തനെ ഉള്ള കയറ്റം കയറിയാല്‍ വാട്ടര്‍ വാലിയില്‍ എത്താം. പുറത്തേക്കു നോക്കുമ്പോള്‍ മഴത്തുള്ളികള്‍ക്കിടയിലൂടെ അപരിചിതമായ പാതകള്‍. പ്രകൃതിയുടെ വിശുദ്ധസൌന്ദര്യം യഥേഷ്ടം കോരിച്ചോരിഞ്ഞിരിക്കുന്നു.
നേരം നന്നേ ഇരുട്ടിത്തുടങ്ങി…കോടമഞ്ഞ് വീണു. ജീപ്പ് യാത്ര അവസാനിച്ചത് കൃഷിതോട്ടത്തിനു നടുവിലുള്ള പുരാതന ശൈലിയിലുള്ള വീടിനു മുന്‍പിലാണ്. ‘വാട്ടര്‍ വാലി.’ പാതയോരത്ത് പൂക്കളും വള്ളിചെടികളും കൃഷിതോട്ടങ്ങളും അലങ്കാരമായ് നില്‍ക്കുന്ന ഒരു കൊച്ചു വീട്. കിളികളും ചെറുജീവികളും മഴയും ചേര്‍ന്നു അതി ഗംഭീരമായ ഒരു സംഗീതപ്രപഞ്ചം ‘വാട്ടര്‍ വാലിക്ക്’ ചുറ്റും സൃഷ്ടിച്ചിട്ടുണ്ട്. കോടമഞ്ഞ് പുതച്ച ഒരു പറുദീസ. സൈക്കിള്‍ ജീപ്പില്‍ നിന്ന് ഇറക്കി ഞങ്ങള്‍ മണല്‍ വിരിച്ച മുറ്റത്തേക്ക് കയറിചെല്ലുമ്പോള്‍ മദ്ധ്യവയസ്ക്കനായ സൌഹൃദസ്വഭാവം ഉള്ള തങ്കച്ചന്‍ ഒരു നിറഞ്ഞ പുഞ്ചിരിയുമായി ഞങ്ങളെ സ്വീകരിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ എന്റെ സുഹൃത്തായ ഡോണിചേട്ടനാണ് തങ്കച്ചനെ പരിചയപ്പെടുത്തി തന്നത്. മകളുടെ പഠനസംബ്ന്ധമായി തങ്കച്ചന്റെ മകളും ഭാര്യയും ചെങ്ങനശ്ശേരിയിലാണ് താമസം. തങ്കച്ചന്‍ വാട്ടര്‍ വാലിയുടെ കൂട്ടുകാരനായി ദേവികുളത്തും. സംസാരപ്രിയനായ ഒരു നാട്ടിന്പുറത്തുകാരന്‍. പരിചയപ്പെടുത്തലുകള്‍ക്കും വിശേഷം പറച്ചിലുകള്‍ക്കും ശേഷം ഞങ്ങളുടെ പ്രധാന ആവശ്യമായ ഭക്ഷണം വിഷയമായി വന്നു. എന്താണ് വേണ്ടതെന്നു തങ്കച്ചന്‍ ചോദിച്ചു. സസ്യാഹാരവും കൂടെ മുട്ടയും ഉണ്ടെങ്കില്‍ നന്നായിരുന്നു എന്ന് ഞങ്ങള്‍ നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ മുറിയിലേക്കും തങ്കച്ചന്‍ അടുക്കളയിലേക്കും പോയി. വൃത്തി ഉള്ള ചെറിയ മുറികള്‍. തണുപ്പ് പതിനഞ്ചു ഡിഗ്രിയാണ് പുറത്ത്. മുറിക്കുള്ളില്‍ ഇളം ചൂടും.
ദേവികുളത്തെ ഞങ്ങളുടെ അത്താഴം രുചി കൊണ്ട് കേമമായിരുന്നു. വെളിച്ചെണ്ണയില്‍ പാകം ചെയ്ത നാടന്‍ ബട്ടര്‍ ബീന്‍സ്. സമൃദ്ധമായി വെണ്ടക്കയും, മുരിങ്ങക്കോലും, വഴുതനങ്ങയും ഇട്ട ഇളം ചൂടുള്ള സാമ്പാര്‍, വറത്ത മുട്ട ഓംലെറ്റ്. കൂടെ ആവിപറക്കുന്ന കുത്തരിച്ചോറും. രുചികരമായി പാകംചെയ്ത ചൂട് ഭക്ഷണവും, സുഖകരമായ തണുപ്പും, നിയന്ത്രിക്കാനാവാത്ത വിശപ്പും. ഓരോ വറ്റും ആര്‍ത്തിയോടെ കഴിച്ചു. നേര്‍മയുള്ളതും ഉരുണ്ടതമായ വലിയ ബട്ടര്‍ ബീന്‍സ് ആയിരുന്നു കൂട്ടത്തിലെ താരം. സ്വര്‍ഗീയമായൊരു സ്വാദായിരുന്നു ഭക്ഷണത്തിനു അപ്പോള്‍ തോന്നിയത്. അളവട്റ്റതും ലളിതവുമായ രുചിയുടെ ആനന്ദം. ഈ അനുഭവം ഞാന്‍ നന്നേ ഇഷ്ട്ടപ്പെട്ടു. ഭക്ഷണസമയം മുഴുവന്‍ തങ്കച്ചന്‍ ധാരാളമായി ഞങ്ങളോട് സംസാരിച്ച്ചുകൊണ്ടിരുന്നു. പാത്രത്തില്‍ അവശേഷിച്ച അവസാനത്തെ വറ്റും കഴിച്ച ശേഷം ഞങ്ങള്‍ മുറിയിലേക്ക് പോയി. പത്തു മണിക്കൂര്‍ സൈക്കിള്‍യാത്ര ഞങ്ങളെ ശെരിക്കും തളര്ത്തിക്കളഞ്ഞു. ഉറക്കത്തിലേക്കു ഞങ്ങള്‍ വഴുതി വീണു. തളര്‍ന്ന ശരീരം എന്നോട് നന്ദി പറഞ്ഞു.
രാത്രി എപ്പോഴോ പുറത്തു ആനയുടെ ശബ്ദം കേള്‍ക്കാം. ഇവിടെ ഇറങ്ങുന്ന ആനകൂട്ടത്തെ കുറിച്ച് ഭക്ഷണസമയത്തു തങ്കച്ചന്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. കാട്ടില്‍ ആഹാരം കുറയുന്നാതാകം ആനകള്‍ നാട്ടില്‍ ഇറങ്ങാന്‍ കാരണം. വിശപ്പടക്കുകയാണ് പ്രധാന ആവശ്യം. നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കുലോറില്‍ നിന്ന് പഴങ്ങള്‍ തിന്നുക, കൃഷിയിടങ്ങളില്‍ നിന്ന് ഫലങള്‍ മോഷ്ട്ടിക്കുക, റേഷന്‍ കടകളില്‍ നിന്ന് അരി തിന്നുക ഇതൊക്കെ ആനക്കൂട്ടതിന്‍റെ സ്ഥിരം കുസ്രുതികളാണ്. എങ്കിലും ദേവികുളത്ത് ഇറങ്ങിയ കാട്ടാനകള്‍ ഒരിക്കലും മനുഷ്യനെ ആക്രമിച്ചിട്ടില്ല എന്ന് തങ്കച്ചന്‍ ഓര്‍ക്കുന്നു. ചിലപ്പോള്‍ മൂന്നാര്‍ പട്ടണം വരെ ആനകള്‍ ഇറങ്ങാറുണ്ട്. എന്നാല്‍ കുണ്ടള ഡാം പ്രദേശങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം മനുഷ്യനെ ആക്രമിക്കാറുണ്ട് എന്ന് തങ്കച്ചന്‍ പറഞ്ഞു. വനാന്തരങ്ങളില്‍ ഉള്ള മൃഗങ്ങള്‍ സ്വന്തമായി പാത കണ്ടുപിടിച്ചു ആഹാരത്തിനായി അലയുന്നത് സങ്കടകരമായ കാര്യം തന്നെയാണ്. അവിടുത്തെ നാട്ടുകാര്‍ക്ക് ഇതൊരു ഭയാനകമായ അവസ്ഥയും. മൃഗങ്ങളെ വേട്ടയാടാന്‍ നിയമം ഒട്ടു അനുവദിക്കുന്നുമില്ല. മനുഷ്യനും മൃഗങ്ങളും ഒരുപ്പോലെ നിസഹായര്‍.
സൂര്യന്‍ ഉദിച്ചപ്പോഴേക്കും ഞങ്ങള്‍ ഉണര്‍ന്നു. സുഖകരമായ മടി പിടിപ്പിക്കുന്ന തണുപ്പില്‍ ഒരു ചൂട് കാപ്പിയും കുടിച്ചു കൊണ്ട് ഞാനും രതീഷും സംസാരിച്ചിരുന്നു. മണല്‍ വിരിച്ച മുറ്റത്തുനിന്നു ഫോട്ടോ എടുത്തു. 9 മണിയായപ്പോഴേക്കും കുളിയും മറ്റും കഴിഞ്ഞു പോകാന്‍ തയ്യാറായി. ആവിപറക്കുന്ന ചിരട്ടപുട്ടും കടലക്കറിയുമായി തങ്കച്ചനും. സ്വാദിഷ്ട്ടമായ പ്രാതല്‍. ശേഷം മുറിവാടകയും കൊടുത്തു മനസ്സുനിറഞ്ഞു നന്ദി പറഞ്ഞു വാട്ടര്‍ വാലിയോടു യാത്ര പറഞ്ഞു സൈക്കിളില്‍ തിരികെ നാട്ടിലേക്ക് മടക്കയാത്ര. ഈ കൊച്ചു വലിയ സന്തോഷങ്ങളിലൂടെ എന്നെ കടത്തി വിട്ട ദൈവത്തെ നന്ദിയോടെ ഓര്‍ത്തു.
സമയം രാവിലെ പത്തു മണി…കോടമഞ്ഞ് പുതച്ച പ്രകൃതി. യൂകാലിപ്ടസ് മരങ്ങള്‍ ഇരുവശങ്ങളിലും അതിരിട്ട ശാന്തമായ നിരത്തുകള്‍. മനോഹരമായ സൌന്ദര്യം ആസ്വദിച്ചു സൈക്കിളില്‍ പതുക്കെ മുന്നോട്ട്. ഇനി 145 കി. മീ. യാത്ര ചെയ്‌താല്‍ എറണാകുളത്തു എത്താം. ദേവികുളത്ത് നിന്ന് മൂന്നാറിന്റെ സൌന്ദര്യത്തിലേക്ക് ഇറങ്ങി. തണുത്ത തേയിലകുളന്തുകളുടെ സുഖമുള്ള കാറ്റേറ്റ് മടക്കയാത്ര. മഞ്ഞുതുള്ളികള്‍ തുളുമ്പുന്ന പാതയോരത്തെ പുല്ലില്‍ ഇടയ്ക്കു വിശ്രമം. കണ്ണെത്താദൂരത്തു കടുംപച്ച തേയിലത്തോട്ടങ്ങള്‍. അതിനെ അതിരിട്ടു ഓറഞ്ച് മരങ്ങള്‍.
മൂന്നാറില്‍ നിന്ന് തിരിച്ചിറക്കം നല്ല വേഗത്തിലാണ്. ഇന്ന് രാത്രിയോടെയെങ്കിലും വീടെത്തണം. തലേന്ന് ഇരുട്ടില്‍ ജീപ്പ് കയറി വന്ന വഴികളിലൂടെ സൈക്കിളില്‍ തിരിച്ചിറങ്ങി. വഴിയോരക്കടകളില്‍ നിന്ന് കരിക്കിന്‍ വെള്ളവും മുളകിട്ട പൈനാപ്പിളും ഓറഞ്ചും കഴിച്ചായിരുന്നു മടക്കയാത്ര.
കാടിനെ കുളിരണിയിക്കുന്ന വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങള്‍ വീണ്ടും ആസ്വദിച്ചു. വളഞ്ഞു പുളഞ്ഞു പതിക്കുന്ന വെള്ളച്ചാട്ടത്തിനു ഇപ്പോള്‍ ഒരു വ്യത്യസ്ത ഭാവം. തിരിച്ചിങ്ങോട്ടു കൂടുതലും ഇറക്കമായതിനാല്‍ സൈക്കിള്‍ ചവിട്ടല്‍ അനായാസമായി തോന്നി. റാണിക്കല്ലും നേര്യമംഗലവും പിന്നിട്ടപ്പോള്‍ സമയം 2.30. വിശന്നപ്പോള്‍ ചായക്കടയില്‍ കയറി ഒരു ഡബിള്‍ സ്ട്രോങ്ങ് ചായയും പത്തു കാടമുട്ട പൊരിച്ചതും കഴിച്ചു. അഞ്ചുമണിയോടെ കോതമംഗലം എത്തി. വഴിയില്‍ കണ്ട ഒരു ഫാസ്റ്റ് ഫുഡ് കടയില്‍നിന്ന് ഒരു കാപ്പി കഴിക്കാനായി കയറി. കടയുടെ ഉടമസ്ഥന്‍ അടുത്തേക്ക് വന്നു കുശലാന്വേഷനമായി. കൂടെ ഈ കടയിലെ സ്ഥിരം സന്ദര്‍ശകരായ കോതമംഗലം M. A കോളേജിലെ ചില വിദ്യാര്‍ഥികളും. സൈക്കിള്‍ യാത്രയെക്കുറിച്ചുള്ള അനുഭവങ്ങള്‍ അവരോടു പങ്കു വച്ചു. സൈക്കിള്‍നെ കുറിച്ചുള്ള ചോദ്യങ്ങളുമായി ചാങ്ങാതികൂട്ടം ചര്‍ച്ച സജീവമാക്കി. ഒരാള്‍ കൂടെനിന്ന് ഫോട്ടോ എടുത്തു. സംസാരം മതിയാക്കി ഞങ്ങള്‍ മൂവാറ്റുപുഴ എന്ന അടുത്ത ലക്‌ഷ്യത്തിലേക്ക്.
മൂവാറ്റുപുഴ എത്തിയപ്പോഴേക്കും നാടെത്തിയ പോലെ ഒരുതോന്നല്‍. പുത്തന്‍കുരിശും സാശ്താംമുഗള്‍ കയറ്റവും കയറി ഒന്‍പതു മണിയോടെ തൃപ്പൂണിത്തുറയിലെ എന്റെ വീടെത്തി. രണ്ടു ദിവസം കൊണ്ട് 247 കി. മീ. സൈക്കിള്‍ ഓടിച്ചു മൂന്നാര്‍പോയി വന്ന ഞങ്ങളെ താങ്ങിയെടുത്തു അകത്തേക്ക് കയറ്റേണ്ടി വരും എന്നായിരുന്നു വീട്ടുകാര്‍ ചിന്തിച്ചിരുന്നത്. ഊര്‍ജസ്വലരായി നിറപുഞ്ചിരിയുമായി ഞങ്ങള്‍ കയറി ചെന്നപ്പോള്‍ അവര്‍ക്കു അത്ഭുതമായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഉള്ള വിശ്രമവും, വെള്ളവും, ലഘുഭക്ഷണവും, സ്ട്രെച് വ്യായാമങ്ങളും യാത്രയുടെ ത്രില്ലും കാരണം അമിതമായ തളര്‍ച്ചയോ വേദനയോടെ അനുഭവപ്പെട്ടില്ല എന്നതാണ് സത്യം. നല്ലൊരു കുളിയും കഴിഞ്ഞു ഞങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിവച്ചിരുന്ന ‘ദം ബിരിയാണിയും’ കഴിച്ചു മാതാപിതാക്കളോടും, പ്രിയതമയോടും യാത്ര വിശേഷങ്ങള്‍ പങ്കു വച്ചു.
ഈ യാത്ര പ്രിയപ്പെട്ടതാകാന്‍ പല കാരണങ്ങളുണ്ട്. ആകസ്മികമായി വീണുകിട്ടിയ അനേകം കൊച്ചു സൌഹൃദങ്ങള്‍ യാത്രയില്‍ ഉടനീളം. സഞ്ചരിച്ച പ്രദേശങ്ങളിലെ ചരിത്രവും കഥകളും ഇപ്പോഴത്തെ അവസ്ഥയും കുറിച്ചുള്ള വിവരണങ്ങള്‍. ഉള്‍ഭയത്തെ പാടെ ഇല്ലാതാക്കാന്‍ അനിശ്ചിതത്വം നിറഞ്ഞുനില്‍ക്കിന്ന ഇതുപോലുള്ള യാത്രകള്‍ സഹായിക്കും. കൂടാതെ വിശാലവും അതി മനോഹരവുമായ കാഴ്ചകളുടെ ഒരു പുതിയ ലോകവും. ഒന്നുറപ്പിച്ചു പറയാം വ്യെത്യസ്തമായ രീതിയില്‍ ഉള്ളുനിറഞ്ഞു ഹൈറേഞ്ച്നെ കണ്ടറിയാനും തൊട്ടറിയാനും സാധിച്ചത് ഈ സൈക്കിള്‍യാത്രയിലാണ്. അപ്രതീക്ഷിതമായ കാഴ്ചകളും അനുഭവങ്ങളും പ്രകൃതി നമുക്ക് സമ്മാനിക്കും.
നീലക്കുറിഞ്ഞി പൂക്കുന്ന സീസണില്‍ തീര്‍ച്ചയായും മൂന്നാറിലേക്ക് വീണ്ടും സൈക്കിള്‍യാത്ര പോകണമെന്ന് മനസ്സില്‍ കുറിച്ചിട്ടു. നീലപ്പൂക്കള്‍ പുതച്ച കുന്നുകള്‍ പൂര്‍ണ്ണതയിലെത്തുന്നതു വരെ കാത്തിരിക്കാം.
സ്നേഹത്തോടെ
ജിന്‍സ്.
Bình luận